കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ മുന്‍ പ്രാദേശിക നേതാവുമായ എന്‍.ഭാസുരാംഗന്റെ സ്വത്ത് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി നടപടി. കുടുംബാഗംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ 1.02 കോടിയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.
കണ്ടല ബാങ്ക് ക്രമക്കേടില്‍ ഭാസുരാംഗനും മക്കളും അടക്കം ആറു പ്രതികള്‍ക്കെതിരെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇ.ഡി ആദ്യഘട്ട കുറ്റപത്രം നല്‍കിയിരുന്നു. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്. ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്നു ബാങ്ക് ഭാരവാഹികള്‍ അറിയിച്ചെന്ന് ഇ.ഡി നേരത്തേ കോടതിയില്‍ വിശദീകരിച്ചിരുന്നു. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചെന്നായിരുന്നു കണ്ടെത്തല്‍.