ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷം തുടരുന്നതിനിടെ ടിബറ്റന്‍ ആത്മീയ നേതാവിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. സംഘപരിവാര്‍ സംഘടനയായ ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് ആണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. ടിബറ്റന്‍ വിഷയത്തില്‍ ചൈനയ്ക്ക് കൃത്യമായ സൂചന നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സംഘടന വാദിക്കുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരതരത്‌ന. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ പ്രതീകമാണ് ദലൈലാമ. അങ്ങിനെയൊരാള്‍ക്ക് ഭാരതരത്‌ന നല്‍കുന്നതിലൂടെ ചൈനയ്ക്ക് സന്ദേശം കൃത്യമായി നല്‍കാനാകുമെന്നാണ് ഭാരത്-ടിബറ്റ് സഹയോഗ് മഞ്ച് വാദിക്കുന്നത്.
അതേസമയം, ഇവരുടെ നിര്‍ദ്ദേശം നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകും. അതിനാല്‍ എല്ലാ വിഷയങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകു. ലഡാക്കിലെ സംഘര്‍ഷസമാനമായ സാഹചര്യം ഇല്ലാതാക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകളിലൂടെ ശ്രമിക്കുന്നതിനാല്‍ ചൈനയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനം ഉടന്‍ വേണ്ടെന്ന ഉപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്.
ചൈന ടിബറ്റ് കൈയടക്കിയതിന് പിന്നാലെ ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍നിന്ന് അനുയായികളുമൊത്ത് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ രാഷ്ട്രീയ അഭയത്തിലാണ് ഇദ്ദേഹവും അനുയായികളും. ജൂലൈ ആറിന് ദലൈലാമയുടെ പിറന്നാളാണ്. അന്ന് ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുള്ള സന്ദേശവും സന്ദര്‍ശനവും ദലൈലാമയുടെ വസതിയിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപം റാവുവും ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2019-ല്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ എം.പിമാര്‍, ബി.ജെ.പി. നേതാവ് ശാന്ത കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും സമാന അഭിപ്രായമമുള്ളവരാണ്.
ചൈന ദലൈലാമയെ വിഘടനവാദിയെന്നാണ് വിശേഷിപ്പിക്കുന്നത്. ചൈനയെ വിഭജിക്കാനുള്ള ആശയങ്ങളാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. 2016-ല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചത് ചൈനയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.