മുംബൈ: മൂന്ന് മാസത്തേക്ക് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതായി റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് അറിയിച്ചു. ടിആര്‍പി തട്ടിപ്പില്‍ കൃതിമം കാണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാര്‍ക്ക് റേറ്റിംഗിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങള്‍ സമ്പൂര്‍ണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
ഇംഗ്ലീഷ് ന്യൂസ് ചാനലുകളുടേയും, ഹിന്ദി മറ്റു പ്രാദേശിക ഭാഷകള്‍, ബിസിനസ് മാധ്യമങ്ങള്‍ എന്നിവയുടെയെല്ലാം റേറ്റിംഗ് സംവിധാനം കര്‍ശനമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തേക്ക് റിപ്പോട്ടുകള്‍ പബ്ലിഷ് ചെയ്യാനാവില്ല – ബാര്‍ക്ക് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം റേറ്റിംഗ് സംബന്ധിച്ച ഏകദേശ ചിത്രം ലഭ്യമാക്കാന്‍ ഭാഷ-വിഭാഗം അടിസ്ഥാനത്തില്‍ പൊതുഫലം പുറത്തു വിടുമെന്നും ബാര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ബാര്‍ക്ക് റേറ്റിംഗില്‍ മുന്നിലെത്താന്‍ റിപ്പബ്‌ളിക് ടിവി അടക്കം മൂന്ന് മാധ്യമങ്ങള്‍ തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് അറിയിച്ചതോടെയാണ് ബാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആംരഭിച്ചത്.