വാതക ചോർച്ച ദുരന്തം; പഞ്ചാബ് സ‍‍ർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

ലുധിയാന: പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോർച്ച ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു സ‍ർക്കാർ. പോലീസ് കേസെടുത്തതിൽ ഇതുവരെ ആരെയും പ്രതി ചേർത്തില്ല. വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സള്ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയിൽ നിന്നും രാസ മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയതിനെ തുടർന്നാണ് വാതകം രൂപപ്പെട്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ മരണം 11ആയി. 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും, ആശുപത്രിയിലുള്ളവർക്ക് 50000 രൂപയും സ​ഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെ സംബന്ധിച്ച് സമ​ഗ്രമായ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോ​ഗ്യമന്ത്രി ബൽബീർ സിം​ഗ് പറഞ്ഞു.

ഇന്നലെ രാവിലെ ഏഴേകാലോടെയാണ് ​ഗിയാസ്പുരയിലെ ​ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും. വിഷവാതകമാണ് ചോർന്നതെന്നും, മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ പ്രദേശവാസികളെ ഒഴിപ്പിക്കുകയായിരുന്നു. സമീപത്തെ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലം സീൽ ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.

Top