രജനികാന്തിനും നെല്‍സണും കാറും ചെക്കും; മോഹന്‍ ലാലിനും വിനായകനും ഇതൊന്നുമില്ലേയെന്ന് ആരാധകര്‍

‘ജയിലര്‍’ വിജയാഘോഷനു പിന്നാലെ നായകന്‍ രജനികാന്തിനും, സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ് സണ്‍പിക്‌ചേര്‍സ് ഉടമ കലാനിധിമാരന്‍ വലിയ സമ്മാനങ്ങള്‍ നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. രജനികാന്തിനെ സന്ദര്‍ശിച്ച കലാനിധി മാരന്‍ അദ്ദേഹത്തിന് ഒരു വലിയ തുകയുടെ ചെക്ക് കൈമാറി. ഒപ്പം ഒന്നേകാല്‍ കോടി രൂപ വിലവരുന്ന ബിഎംഡബ്യൂ എക്‌സ് 7 കാറും സൂപ്പര്‍താരത്തിന് ജയിലര്‍ നിര്‍മ്മാതാവ് സമ്മാനിച്ചു. അതിന് പിന്നാലെയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും ചെക്കും പോര്‍ഷെ കാറും നിര്‍മ്മാതാവ് നല്‍കിയത്.

ഇതിന് പിന്നാലെ, ചിത്രത്തിലെ മറ്റു താരങ്ങള്‍ക്ക് സമ്മാനവും തുകയും ഒന്നുമില്ലേ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുകയാണ് ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ ജയിലര്‍ നേടിയ വന്‍ കളക്ഷന് പിന്നില്‍ മോഹന്‍ലാലിന്റെ വേഷത്തിന് സ്വാധീനമുണ്ട് എന്നും അതിനാല്‍ മോഹന്‍ലാലിനും സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന രീതിയിലാണ് ചര്‍ച്ചകള്‍ ഉയരുന്നത്. ചിത്രത്തില്‍ ഉടനീളം രജനിക്ക് എതിരാളിയായി നിന്ന് ചിത്രത്തിലെ പ്രധാന വില്ലനായ വിനായകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണെന്നും അതിനാല്‍ വിനായകനും വിജയത്തിന്റെ പങ്കിന് അര്‍ഹതയുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.

അതേ സമയം രജനിയുമായും, നെല്‍സണുമായും സണ്‍ പിക്‌ചേര്‍സിന് പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ഉണ്ടായിരുന്നുവെന്നും അതാണ് അവര്‍ക്ക് ചെക്ക് നല്‍കിയത് എന്നുമാണ് തമിഴ് സിനിമ ലോകത്തെ സംസാരം. എന്നാല്‍, ഇരുവര്‍ക്കും നല്‍കിയ കാറുകള്‍ സണ്‍ പിക്‌ചേര്‍സ് സമ്മാനമായി നല്‍കിയതാണ്.

Top