വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപ കേസ് തെളിവുകളുടെ അഭാവത്തില്‍ തള്ളി

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപ കേസ് തെളിവുകളുടെ അഭാവത്തില്‍ തള്ളി. സ്പാനിഷ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ വര്‍ഷം ലാ ലിഗയില്‍ റയല്‍ മാഡ്രിഡും ഒസാസുനയും തമ്മില്‍ എല്‍ സദര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് താരത്തിനെതിരേ വംശീയാധിക്ഷേപമുണ്ടായത്.

വിനീഷ്യസിനെതിരേ പലവട്ടം അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിനിടെ കാണികളില്‍നിന്ന് വംശീയാധിക്ഷേപമുണ്ടായിരുന്നു. മത്സരത്തിലുടനീളം ഗാലറിയിലെ ഒരു ഭാഗത്തിരുന്നവര്‍ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് റഫറിയോട് പരാതിപ്പെടുകയും വിളിച്ചയാളെ ചൂണ്ടിക്കാണിച്ച് നല്‍കുകയും ചെയ്തു. ഇതോടെ മത്സരം പത്ത് മിനിറ്റോളം അന്ന് തടസ്സപ്പെട്ടിരുന്നു.

ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരാള്‍ വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം നടത്തിയത് ക്യാമറയില്‍ ലഭിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച് കോടതി കേസ് തള്ളുകയാണ് ചെയ്തത്. ആള്‍ക്കൂട്ടത്തില്‍നിന്നുണ്ടായ പ്രവൃത്തി ഒരു കുറ്റകൃത്യമാണ്. എന്നാല്‍ കുറ്റവാളിയുടെ ഐഡന്റിറ്റി വ്യക്തമാകുന്ന തരത്തിലുള്ള ഒരു ഡേറ്റയും ലഭിച്ചില്ലെന്നു പറഞ്ഞാണ് കോടതി കേസ് തള്ളിയത്.

Top