കൊച്ചി: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വോട്ട അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. അടിയന്തരമായി യാത്രചെയ്യേണ്ടവര്‍ ഇമെയില്‍, ഫാക്‌സ് വഴി റെയില്‍വേക്ക് അപേക്ഷയയച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് റെയില്‍വേ സ്വീകരിക്കുന്നത്.മൊബൈല്‍ ഫോണ്‍ വഴിയും അപേക്ഷ നല്‍കാം.
എറണാകുളം റീജ്യന്റെ ജോലിഭാരം കുറയുമെന്നും എമര്‍ജന്‍സി ക്വോട്ട സംവിധാനത്തിന് ഏകീകരണമുണ്ടാകുമെന്നുമാണ് റെയില്‍വേയുടെ വിശദീകരണം. ഇതിന്റെ ഭാഗമായി എമര്‍ജന്‍സി ക്വോട്ടയുടെ നിയന്ത്രണം എറണാകുളം റീജ്യനില്‍നിന്ന് തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലേക്ക് മാറ്റി.
നേരത്തേ, എറണാകുളം റീജ്യനില്‍നിന്നായിരുന്നു ഇത് അനുവദിച്ചിരുന്നത്. അതോടൊപ്പം എമര്‍ജന്‍സി ക്വോട്ട ഓണ്‍ലൈന്‍ വഴിയാക്കാനും തീരുമാനമായി.എന്നാല്‍, എമര്‍ജന്‍സി ക്വോട്ടയുടെ നിയന്ത്രണം എറണാകുളത്തുനിന്ന് മാറ്റിയതിനെതിരെ ഹൈബി ഈഡന്‍ എം.എല്‍.എ രംഗത്തുവന്നു.
140 ട്രെയിനുകളിലായി 1700 എമര്‍ജന്‍സി ബെര്‍ത്തുകളാണ് എറണാകുളം റീജ്യന്‍ കൈകാര്യം ചെയ്തിരുന്നത്. നേരത്തേ എം.എല്‍.എ, എം.പി എന്നിവരുടെ ശിപാര്‍ശയുമായി എത്തുന്നവര്‍ക്കായിരുന്നു എമര്‍ജന്‍സി ക്വോട്ട ലഭിച്ചിരുന്നത്. എന്നാല്‍, ഈ രീതി ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു.
ജനപ്രതിനിധികളോട് ബന്ധമുള്ളവര്‍ക്കു മാത്രമാണ് ക്വോട്ട ലഭിച്ചിരുന്നത്. പലപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് എമര്‍ജന്‍സി ക്വോട്ട ലഭ്യമാകണമെന്നാണ് റെയില്‍വേയുടെ നയമെന്ന് അധികൃതര്‍ പറയുന്നു.