പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമഭേദഗതി ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും

rajya

ന്യൂഡല്‍ഹി : പട്ടികജാതി,പട്ടികവര്‍ഗ്ഗ നിയമഭേദഗതി ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. പട്ടികവിഭാഗ സംരക്ഷണ നിയമം നില നിര്‍ത്താനുള്ള ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.

ബുധനാഴ്ച ബില്‍ പാസാക്കാനായിരുന്നു രാജ്യസഭ തീരുമാനം, എന്നാല്‍ കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയുകയായിരുന്നു. അതിനാല്‍, ദളിത് സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരന്ന ബന്ദ് പിന്‍വലിച്ചു. രാജ്യസഭ ബില്ല് പരിഗണിക്കാന്‍ തീരുമാനിച്ചതോടെയാണ് ബന്ദില്‍ നിന്നും സംഘടനാനേതാക്കള്‍ പിന്‍വാങ്ങിയത്.

പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം വേണം, സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ നിയമന അതോറിറ്റിയുടെ അനുമതി വേണം തുടങ്ങിയ കോടതി നിര്‍ദ്ദേശങ്ങള്‍ തള്ളുന്നതാണ് നിയമ ഭേദഗതി.

ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ, സര്‍ക്കാര്‍ തള്ളി. ഒറ്റക്കെട്ടായി ബില്‍ പാസാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ സഭ സ്വീകരിക്കുകയായിരുന്നു. ബില്‍ ഒന്‍പതാം പട്ടികയില്‍ പെടുത്തണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെ പത്തിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഒന്‍പതാം പട്ടികയില്‍ പെടുത്തിയാലും കോടതിക്ക് ഇടപെടാനാകും എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

Top