തിരുവനന്തപുരം: ആര്‍സിസിയില്‍ രക്തപരിശോധനയ്ക്ക് നൂതന ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം ഒരുക്കാന്‍ തീരുമാനം.
രക്തപരിശോധനയ്ക്ക് കൂടുതല്‍ സുരക്ഷിതമായ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് അഥവാ നാററ് സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണോ രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു പ്രത്യേക സംഘം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
രക്തദാതാവിന് എച്ച് ഐ വി ബാധിച്ച് നാലുമുതല്‍ 12 ആഴ്ച വരെയുള്ള കാലയവളില്‍ അണുബാധ കണ്ടെത്താനുള്ള സംവിധാനം നിലവില്‍ ആര്‍സിസിയിലില്ല.
എന്നാല്‍, വിന്‍ഡോ പിരീഡ് എന്നറിയപ്പെടുന്ന ഈ കാലയളവ് രണ്ടാഴ്ചയായി കുറയ്ക്കാന്‍ നാറ്റ് പരിശോധനാ സംവിധാനത്തിലൂടെ കഴിയും.
വിദഗ്ധര്‍ ഓരോ രക്തബാങ്കിന്റെയും നിലവാരം തിട്ടപ്പെടുത്തുന്നതിനുള്ള ഗ്യാപ്പ് അനാലിസിസ് നടത്തും.
പരിശോധനാ ഫലം ലഭിച്ചശേഷം ഒരുമാസത്തിനുള്ളില്‍ രക്ത ബാങ്കുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒന്‍പതുകാരിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത് വന്‍ വിവാദമായതിനെത്തുടര്‍ന്നാണ് ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനുള്ള തീരുമാനം.