ശ്രീജിത്തിന്റെ ഉദ്ദേശ്യമെന്താണ് ? സി.ബി.ഐ തുടങ്ങിയിട്ടും സമരം തുടരുന്നതില്‍ ദുരൂഹത

Sreejith's agitation

തിരുവനന്തപുരം: സഹോദരന്റെ ഘാതകരെ പിടികൂടാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് 776 ദിവസമായി നടത്തി വരുന്ന സമരം സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ടും അവസാനിപ്പിക്കാത്തതില്‍ ദുരൂഹത.

സി.ബി.ഐ അന്വേഷണം ഏറ്റെടുത്താല്‍ സമരം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ശ്രീജിത്ത് ഇപ്പോള്‍ പെട്ടന്ന് നിലപാട് മാറ്റി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചത് ശരിയായില്ലന്ന നിലപാടിലാണ് ശ്രീജിത്തിനെ ഇതുവരെ പിന്തുണച്ചവരില്‍ ഒരു വിഭാഗം.

ശ്രീജിത്തിനൊപ്പം സമരം തുടര്‍ന്നിരുന്ന സമൂഹമാധ്യമ കൂട്ടായ്മ ഇതിനകം തന്നെ സമരം അവസാനിപ്പിച്ചു കഴിഞ്ഞത് ശ്രീജിത്തിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ഈ സമരം ജനങ്ങളില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ് സമൂഹമാധ്യമ കൂട്ടായ്മ.

സി.ബി.ഐ കേസെടുത്തതോടെ പ്രക്ഷോഭം വിജയമാണെന്ന് വിലയിരുത്തിയാണ് അവര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്. ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാ വിഭാഗവും പിന്തുണച്ചതാണ് സി.ബി.ഐ അന്വേഷണം പെട്ടന്ന് സാധ്യമാക്കിയിരുന്നത്.

മോഷണകുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ശ്രീജീവ് അടിവസ്ത്രത്തില്‍ ഒളുപ്പിച്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ലോക്കപ്പിലാണെങ്കിലും അടിവസ്ത്രം പരിശോധിക്കാന്‍ കഴിയില്ലന്നുമാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ വാദം. സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ എന്ന നിലപാട് തന്നെയാണ് ഈ വിഭാഗവും സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതിനു വേണ്ടിയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടും ശ്രീജിത്ത് സമരം അവസാനിപ്പിക്കാത്തതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

എല്ലാ തെളിവുകളും പൊലീസ് നശിപ്പിച്ചു, അതിനാല്‍ സി.ബി.ഐ അന്വേഷണത്തില്‍ എന്തു നടക്കുമെന്ന് നോക്കാമെന്നതാണ് ശ്രീജിത്തിന്റെ നിലപാട്.

Top