കണ്ണൂര്‍: തട്ടം പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം പാര്‍ട്ടി നിലപാടല്ല. ഹിജാബ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്.
വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിര്‍ദേശം നല്‍കാനും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്നു വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരമാര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തട്ടമിട്ട പെണ്‍കുട്ടികള്‍ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തട്ടം ഭദ്രമായി നിലനിര്‍ത്തികൊണ്ടു തന്നെ ജീവിത മാര്‍ഗത്തില്‍ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവര്‍ നിര്‍വഹിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിലര്‍ അവരുടേതായ നയങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.