ന്യൂഡല്‍ഹി: പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗുമായി അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഹണിപ്രീത് ഇന്‍സാന്‍.
ഒളിവിലുള്ള ഹണിപ്രീതിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് അഭിമുഖം പുറത്തുവന്നത്. ഗുര്‍മീത് നിരപരാധിയാണെന്നും അവര്‍ പറഞ്ഞു.
ബലാത്സംഗക്കേസില്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ ജയിലിലാണ് ഗുര്‍മീത്. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുകയെന്നും ഹണിപ്രീത് ആരാഞ്ഞു. അച്ഛന് മകളെ സ്പര്‍ശിച്ചു കൂടെ? മകള്‍ അച്ഛനെ സ്‌നേഹിക്കില്ലേ ? ഹണിപ്രീത് അഭിമുഖത്തില്‍ ചോദിച്ചു.
ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം ഹണിപ്രീതിന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
ഗുര്‍മീതിന്റെ ശിക്ഷാവിധി പ്രഖ്യാപനത്തിനു ശേഷം ഹണിപ്രീത് അപ്രത്യക്ഷയായിരുന്നു. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സിനിമാതാരമാകാനാണോ ഗുര്‍മീതിനെ സമീപിച്ചതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഹണിപ്രീതിന്റെ ഉത്തരം.
നടിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ക്യാമറയ്ക്കു പിന്നില്‍നില്‍ക്കാനായിരുന്നു താത്പര്യമെന്നും ഹണിപ്രീത് പറഞ്ഞു.
ദേരായില്‍ വച്ച് സ്ത്രീകളാരും പീഡനത്തിന് ഇരയായിട്ടില്ല. ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാന്‍ സാധിക്കുമോ?
എന്റെ പിതാവിനും എനിക്കും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. കീഴടങ്ങുമോ എന്ന ചോദ്യത്തിന് നിയമോപദേശത്തിനു ശേഷം തീരുമാനിക്കുമെന്നായിരുന്നു മറുപടി.
36 ദിവസമായി ഒളിവിലാണ് ഹണിപ്രീത്. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നെന്ന ആരോപണവുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.