ചെന്നൈ: എഐഎഡിഎംകെ – ബിജെപി തര്‍ക്കത്തില്‍ സമവായനീക്കം സജീവം. ഇരു പാര്‍ട്ടികള്‍ക്കും ഇടയിലെ ബന്ധം പാറ പോലെ ഉറച്ചതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി പറഞ്ഞു. സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണന്‍ തിരുപ്പതി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റിലും എന്‍ഡിഎ ജയിക്കുമെന്നും നാരായണന്‍ തിരുപ്പതി അവകാശപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സമവായ ശ്രമവുമായി എന്‍ഡിഎ മുന്നണിയിലെ തമിഴ് മാനില കോണ്‍ഗ്രസ്സും രംഗത്തെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് എന്‍ഡിഎ സഖ്യത്തില്‍ ഭിന്നതയുണ്ടാവുന്നത്. തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. അതിനിടെയുണ്ടായ ഈ ഭിന്നിപ്പ് ദേശീയ നേതൃത്വത്തിനും തലവേദനയാണ്.
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ വക്താവ് ഡി ജയകുമാറാണ് ഇന്നലെ ചെന്നൈയില്‍ പറഞ്ഞത്. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നോട്ടയ്ക്ക് കിട്ടുന്ന വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇപു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള കഴിഞ്ഞ ദിവസങ്ങളിലെ വാക്‌പോരിനു പിന്നാലെയാണ് പ്രഖ്യാപനം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിനു കാരണമായെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.