വാരാണാസി: ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിട്ടേക്കും. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാരണാസി ജില്ലാ കോടതി ഇന്ന് തീരുമാനമെടുക്കും. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്കും എതിര്‍ കക്ഷികള്‍ക്കും നല്‍കണോയെന്ന കാര്യത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കഴിഞ്ഞ ദിവസമാണ് കോടതി കേട്ടത്. ഗ്യാന്‍വാപി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിവലിംഗമുണ്ടെന്നാണ് ഹര്‍ജിക്കാരായ ഹിന്ദു വിശ്വാസികളുടെ ആരോപണം. ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സര്‍വേ നടത്തരുതെന്ന അന്‍ജുമന്‍ മസ്ജിദ് ഭരണസമിതിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. ഇതിന്മേലാണ് എഎസ്ഐയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ച് ജില്ലാ കോടതി പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമോയെന്നാണ് കോടതി തീരുമാനിക്കുക.
പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സര്‍വേ നടത്തുന്നത്. സര്‍വേ അത്യാവശ്യമാണെന്നും, സര്‍വേ നടന്നെങ്കില്‍ മാത്രമേ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് ഗ്യാന്‍വാപിയില്‍ സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് അധിക സമയം അനുവദിക്കരുതെന്ന പള്ളി കമ്മിറ്റി വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.
ഗ്യാന്‍വാപി പള്ളിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കഴിഞ്ഞ സെപ്തംബറില്‍ എട്ട് ആഴ്ച കൂടി അധിക സമയം എഎസ്‌ഐക്ക് വാരാണസി കോടതി അനുവദിച്ചിരുന്നു. നേരത്തെ നാലാഴ്ചയാണ് സര്‍വേ പൂര്‍ത്തിയാക്കാന്‍ എഎസ്‌ഐയ്ക്ക് സമയം നല്‍കിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് അനുവദിച്ച സമയം അവസാനിച്ചത്. എന്നാല്‍ നിശ്ചിത കാലയളവില്‍ സര്‍വേ പൂര്‍ത്തിയായില്ലെന്ന് എഎസ്‌ഐ അറിയിച്ചതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കുകയായിരുന്നു.