ദില്ലി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ 41തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി. ഡ്രില്ലിങ് മെഷീന്‍ ഇരുമ്പ് പാളിയില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ എന്‍ഡിആര്‍എഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇരുമ്പ് പാളിയില്‍ ഇടിച്ച് ചളുങ്ങിയ 800 മില്ലീ മീറ്റര്‍ പൈപ്പ് മുറിച്ചു നീക്കേണ്ടതുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താന്‍ പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളത്. ഡ്രില്ലിങ്ങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായത് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.
തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പുറത്ത് പൂര്‍ത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രഥമ ശുശ്രൂഷ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.