മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം ബുധനാഴ്ച ആരംഭിക്കും. ഇന്ധന വില വര്‍ധനയും, പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും, രൂപയുടെ മൂല്യശോഷണവും വെല്ലുവിളിയായി നിലനില്‍ക്കേ, വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.
ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പണപ്പെരുപ്പത്തിന് ഭീഷണിയാകുന്നത്. അതേസമയം, ഇന്ധന വില വര്‍ധന ഉണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പത്തോത് 3.69 ശതമാനം ആയിരുന്നു.
ജൂലൈയിലെ പണപ്പെരുപ്പത്തോത് 4.17 ശതമാനവുമായിരുന്നു. തുടര്‍ച്ചയായ രണ്ട് തവണത്തെ നിരക്ക് വര്‍ധനയ്ക്കു ശേഷം ഇപ്പോള്‍ റിപോ നിരക്ക് 6.50 ശതമാനമാണ്.
പലിശ നിരക്കില്‍ വീണ്ടും ഒരു വര്‍ധന ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ റിപോ നിരക്കില്‍ വര്‍ധന വരുത്താനുള്ള സാധ്യതയാണ് മിക്ക സാമ്പത്തിക വിദഗ്ധരും കാണുന്നത്. ഈ വര്‍ഷം രണ്ടു തവണ കൂടി നിരക്ക് വര്‍ധിപ്പിക്കുന്നതിന് സാധ്യത കാണുന്നവരുമുണ്ട്.
രൂപ നേരിടുന്ന കനത്ത ഇടിവാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്തും സാഹചര്യങ്ങള്‍ ഏറെ പ്രതികൂലമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നതും ക്രൂഡ് ഓയില്‍ വില കൂടുന്നതും മോശമായ ചിത്രമാണ് നല്‍കുന്നത്. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുന്നതും റിസര്‍വ് ബാങ്കിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.