നിര്‍ബന്ധിത സേവനത്തിനുള്ള തയ്യാറെടുപ്പില്‍ ബിടിഎസിലെ ബാക്കി താരങ്ങള്‍

നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങാനുള്ള തയ്യാറെടുപ്പില്‍ കൊറിയന്‍ ബാന്‍ഡ് ബിടിഎസിലെ ബാക്കി താരങ്ങള്‍. ഏഴംഗ സംഘത്തിലെ ജിന്‍, ജെ-ഹോപ്, സുഗ എന്നിവര്‍ നിലവില്‍ സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആര്‍എം, ജിമിന്‍, വി, ജംഗൂക് എന്നിവരും ഉടന്‍ തന്നെ ക്യാംപിലെത്തുമെന്ന് ബിടിഎസ് ഏജന്‍സിയായ ബിഗ്ഹിറ്റ് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി 2025ല്‍ മടങ്ങിവരുമെന്ന് താരങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരായി തിരിച്ചുവരേണ്ടതിന് ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും പിന്തുണയും ആവശ്യമാണെന്ന് ബാന്‍ഡ് അംഗങ്ങള്‍ പറയുന്നു.

ദക്ഷിണ കൊറിയയിലെ നിയമ പ്രകാരം 8നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിര്‍ബന്ധമായും സെനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതല്‍ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങള്‍ക്കു നല്‍കിയ 2 വര്‍ഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാന്‍ഡിലെ മുതിര്‍ന്ന അംഗമായ ജിന്‍ കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ കൊറിയന്‍ ബൂട്ട് ക്യാംപില്‍ സൈനിക സേവനം ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയില്‍ ജെ-ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. ശേഷിക്കുന്ന 4 പേരും ഉടന്‍ തന്നെ സേവനത്തിനിറങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ബിടിഎസ് വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്. ബാന്‍ഡ് രൂപീകരിച്ച് 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങള്‍ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാന്‍ഡ് അംഗങ്ങള്‍ അറിയിച്ചു. സ്വതന്ത്ര സംഗീത ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് അനൗദ്യോഗിക പ്രഖ്യാപനമുണ്ടായി.

Top