ഇന്ത്യയിലെ 20 മുന്‍നിര വ്യവസായികളുടെ വരുമാനം കുത്തനെ ഉയര്‍ന്നു

money

ന്യൂഡല്‍ഹി: 2017ന്റെ ആദ്യ 7 മാസങ്ങളില്‍ ഇന്ത്യയിലെ മുന്‍നിരയിലുള്ള 20 വ്യവസായികള്‍ അവരുടെ സമ്പാദ്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 50 ബില്യണ്‍ ഡോളര്‍.

ഇന്ത്യയുടെ 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10 ശതമാനം അഥവാ 200 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഈ 20 വ്യവസായികളുടെ മൊത്തം സമ്പാദ്യം.

ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയിടെ മുന്‍നിര ശതകോടീശ്വരന്മാരില്‍ 18 പേരുടെ സമ്പാദ്യം 1 ബില്യണ്‍ ഡോളറിനോ അതിന് മുകളിലോ ഉയര്‍ന്നുവെന്നും ഇത് നിലവിലുള്ള എക്‌സ്‌ചേഞ്ച് നിരക്കില്‍ 6400 കോടിയോളം രൂപയാണെന്നും ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ സൂചിക ചൂണ്ടിക്കാണിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി 13 ബില്യണ്‍ ഡോളര്‍ തന്റെ സമ്പാദ്യത്തില്‍ കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, വിപ്രോ മേധാവി അസിം പ്രേംജി, അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട അവന്യു സൂപ്പര്‍മാര്‍ട്ട് ഉടമ ആര്‍ കെ ദമാനി തുടങ്ങിയവരുടെ സമ്പാദ്യം 34 ബില്യണ്‍ ഡോളര്‍ വര്‍ധന പ്രകടമാക്കിയെന്ന് ബ്ലൂംബെര്‍ഗ് ഡാറ്റ കാണിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 9 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തി നില്‍ക്കുന്നത്. ഏറ്റവും അവസാനത്തെ കണക്ക് പ്രകാരം കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 5,25,000 കോടി രൂപയാണ്.

വിപ്രോ സ്ഥാപകനായ അസിം പ്രേംജിയുടെ സമ്പാദ്യം ഈ വര്‍ഷം 3.8 ബില്യണ്‍ ഡോളറില്‍ നിന്ന് 16 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നു. അവന്യു സൂപ്പര്‍മാര്‍ട്‌സ് ഉടമസ്ഥനായ രാധാകൃഷ്ണ റമദാനിയുടെ സമ്പാദ്യത്തില്‍ 3.46 ബില്യണ്‍ ഡോളറില്‍ നിന്നും 5.36 ബില്യണ്‍ ഡോളറിലേക്കുള്ള വളര്‍ച്ചയാണുണ്ടായത്.

കോട്ടക് മഹിന്ദ്ര ബാങ്ക് സ്ഥാപകനായ ഉദയ് കോട്ടക്കിന്റെ സമ്പാദ്യത്തില്‍ 3.22 ബില്യണ്‍ ഡോളറില്‍ നിന്ന് 10.3 ബില്യണ്‍ ഡോളറിലേക്കുള്ള വളര്‍ച്ച ഉണ്ടായി. ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ളയുടെ സമ്പാദ്യം 3.13 ബില്യണ്‍ ഡോളറില്‍ നിന്ന് 9.16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

സൈഡസ് കാഡിലയുടെ പങ്കജ് പട്ടേല്‍, ഐഷര്‍ മോട്ടോഴ്‌സിന്റെ വിക്രം ലാല്‍, ആര്‍സല്‍ മിത്തലിലെ ലക്ഷ്മി മിത്തല്‍, ഡിഎല്‍എഫിന്റെ കെ പി സിംഗ്, പിരമല്‍ ഗ്രൂപ്പിന്റെ അജയ് പിരമല്‍, ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ പല്ലോണ്‍ജി മിസ്ട്രി എന്നിവരാണ് ഈ വര്‍ഷം തങ്ങളുടെ സമ്പാദ്യത്തില്‍ ചുരുങ്ങിയത് 2 ബില്യണ്‍ ഡോളറെങ്കിലും കൂട്ടിച്ചേര്‍ത്തിട്ടുള്ളവര്‍.

Top