വാഷിംങ്ടണ്‍: നദിയില്‍ വീണയാളെ രക്ഷിക്കാന്‍ വെളളത്തില്‍ ചാടിയ മലയാളി യുവാവ് യുഎസില്‍ മരിച്ചു. പുത്തങ്കാവ് സ്വദേശി സുമിത്ത് ജേക്കബ് അലക്‌സ് (32) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഒന്‍പതു മാസം മാത്രമായപ്പോഴാണ് ദുരന്തം സുമിത്തിനെ തേടിയെത്തിയത്. സുമിത്ത് രക്ഷിക്കാന്‍ ശ്രമിച്ച റോബര്‍ട്ട് ജോണ്‍ലെവാന്‍ഡോസ്‌കി (47) യും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ബുധനാഴ്ച ഭാര്യ ജാന റേച്ചല്‍ എബ്രഹാം, ജാനയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം സമീപത്തെ ബ്ലാക്ക് റിവറില്‍ ബോട്ടില്‍പോയപ്പോഴാണ് അപകടം നടന്നത്. മറ്റൊരു ബോട്ടിന്റെ തിരയില്‍ മറിഞ്ഞ ഡിങ്കിയില്‍ നിന്ന് (ബലൂണ്‍പോലെ വീര്‍പ്പിക്കാവുന്ന വഞ്ചി) വെള്ളത്തില്‍ വീണ ലെവാന്‍ഡോസ്‌കിയെ രക്ഷിക്കാന്‍ സുമിത്ത് വെള്ളത്തിലേക്കു ചാടുകയായിരുന്നു. എന്നാല്‍ കടുത്ത തണുപ്പുള്ള വെള്ളത്തില്‍ ലൈഫ് ജാക്കറ്റ് ഇല്ലാതെ ചാടിയ സുമിത്തും അപകടത്തില്‍പ്പെടുകയായിരുന്നു. ലെവാന്‍ഡോസ്‌കിയും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. രാത്രിയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
പുത്തങ്കാവ് ഏഴിക്കതുഴത്തില്‍ ചാക്കോ അലക്‌സിന്റെയും (ബേബി) കുഞ്ഞുമോളുടെയും മകനാണ് ബിസിനസ് മാനേജരായ സുമിത്ത്. സഹോദരി സ്മിത അലക്‌സ്. മിഷിഗനില്‍ക്ലിന്റണ്‍ഷിപ്പിലാണു സുമിത്തിന്റെ കുടുംബം താമസിക്കുന്നത്.