അടിമാലി: അടിമാലി-കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്നുള്ള റോഡ് ഇടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് ഇവിടുണ്ടായിരുന്ന പന്ത്രണ്ട് കടകള്‍ ഒഴിപ്പിച്ചു.
അപകടത്തില്‍പ്പെട്ട കടകളില്‍ ഉണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡിന് ബലക്ഷയം സംഭവിച്ചതാണ് അപകട കാരണം.
ചൊവ്വാഴ്ച രാവിലെയോടെയാണ് റോഡ് വിണ്ടു കീറിത്തുടങ്ങിയത്.
ഇത് ശ്രദ്ധിച്ച വ്യാപാരികള്‍ മുന്‍കരുതല്‍ എടുത്തിരുന്നു, എന്നാല്‍ ഉച്ചയ്ക്ക് 12.40-ഓടെ റോഡ് ഇടിഞ്ഞു വീഴുകയായിരുന്നു.
ചെറിയ പെട്ടിക്കടകളാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയില്‍ അണക്കെട്ടിന്റെ സംഭരണ ശേഷിക്കൊപ്പം വെള്ളം എത്തിയതിനാല്‍ അണക്കെട്ട് തുറന്നുവിട്ടിരുന്നു.
എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തിങ്കളാഴ്ച അടച്ചു.