കൊവിഡ് ബോധവത്ക്കരണ വീഡിയോ പുറത്തിറക്കി ആര്‍ആര്‍ആര്‍ ടീം

ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആറിന്റെ അണിയറയില്‍ നിന്ന് കൊവിഡ് ബോധവത്ക്കരണ വീഡിയോ പുറത്തിറക്കി. നായിക ആലിയ ഭട്ട്, സംവിധായകന്‍ രാജമൗലി, നടന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാന്‍ തയാറെടുക്കണം എന്ന സന്ദേശം നല്‍കുകയാണ്.

സംവിധായകന്‍ മലയാളത്തിലും സന്ദേശം നല്‍കുന്നുണ്ട്. ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍ന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. രാംചരണാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുന്നൂറു കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ എത്തുന്നതായും സംവിധായകന്‍ രാജമൗലി മുന്‍പ് വ്യക്തമാക്കിയിരുന്നു.

ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ആര്‍ആറിന്റെ സംഗീതത്തിനായി എം എം കീരവാനിയും, സംഘട്ടന രംഗങ്ങള്‍ക്കായി കെ.കെ. സെന്തില്‍ കുമാറും എത്തിയിട്ടുണ്ട്. സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, RRR ഇതിനകം തന്നെ ഇന്ത്യയുടെ വിവിധ മേഖലകള്‍ക്കായി പ്രദര്‍ശനത്തിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

ഡോ. ജയന്തിലാല്‍ ഗഡയുടെ പെന്‍ സ്റ്റുഡിയോ ചിത്രത്തിന്റെ ഹിന്ദിയിലെ വിതരണാവകാശം നേടിയപ്പോള്‍, തമിഴ് നിര്‍മ്മാണ സ്ഥാപനമായ ലൈക പ്രൊഡക്ഷന്‍സ് തമിഴ്നാടിന്റെ വിതരണാവകാശം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ ഒക്ടോബര്‍ 13 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.

 

Top