പൗരത്വ ഭേദഗതി നിയമം മുസ്ലിം പൗരന്മാരെ ബാധിക്കില്ലെന്ന് ആര്‍എസ്എസ് മേധാവി

Mohan Bhagwat

ഗുഹാവതി: സിഎഎ-എന്‍ആര്‍സി രാജ്യത്തെ മുസ്ലീം പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. നാനി ഗോപാല്‍ മഹന്ത എഴുതിയ സിറ്റസന്‍ഷിപ്പ് ഡിബേറ്റ് ഓവര്‍ എന്‍ആര്‍സ് ആന്‍ഡ് സിഎഎ, അസം ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

സി.എ.എയോ എന്‍.ആര്‍.സിയോ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിക്കുന്ന ഒന്നല്ല. രാഷ്ട്രീയ താല്‍പര്യങ്ങളുള്ള ചില കേന്ദ്രങ്ങളാണ് ഇവയ്ക്ക് വര്‍ഗീയ നിറം നല്‍കിയതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിഭജനത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്ന വാക്ക് ഇന്ത്യ ഇതുവരെ തുടര്‍ന്നു. പക്ഷേ പാകിസ്ഥാന്‍ പാലിച്ചില്ല. വിഭജന സമയത്ത് ഇന്ത്യന്‍ ജനതയുടെ അഭിപ്രായം മാനിക്കപ്പെട്ടില്ല. സമവായം തേടിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. പക്ഷേ നേതാക്കള്‍ തീരുമാനമെടുത്തു, ജനം സ്വീകരിച്ചു. വലിയ വിഭാഗം ജനം വിഭജനം കാരണം വീട് നഷ്ടപ്പെട്ടവരായി. ഇപ്പോഴും ചിലര്‍ പുറന്തള്ളപ്പെടുന്നു. എന്താണ് അവര്‍ ചെയ്ത തെറ്റ്. അവരെക്കുറിച്ച് ആര് ചിന്തിക്കും. അവരെ സഹായിക്കുക എന്നത് നമ്മുടെ ധാര്‍മ്മിക കടമയാണ്”മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണ്. അവരുടെ മതം ഏതായാലും മോഹന്‍ ഭാഗവത് പറഞ്ഞു.

Top