ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ മറ്റ് കറന്‍സികളുടെയും വിലയിടിയുന്ന സാഹചര്യത്തില്‍ രൂപയുടെ വിലയിടിഞ്ഞ് ഡോളറിന് 80 രൂപ ആയാലും കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രൂപയുടെ മൂല്യം കൂപ്പുകുത്തി നില്‍ക്കുമ്പോഴാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
എട്ട് ശതമാനത്തിലധികമാണ് രൂപയുടെ മൂല്യം ഈ വര്‍ഷം മാത്രം ഇടിഞ്ഞത്. 2013 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ തകര്‍ച്ച രൂപ നേരിടുന്നത്. ഇതോടെ രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ ഇടപെടലുകള്‍ക്ക് രൂപയുടെ വിലയിടിവിനെ പിടിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
മറ്റ് രാജ്യങ്ങളിലെ കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ നില ഇപ്പോഴും ഭദ്രമാണ് എന്നാണ് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുഭാഷ് ചന്ദ്രഗാര്‍ഗ് അവകാശപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ വിലയിടിവ് തുടരുന്നത് രാജ്യത്ത് വലിയ തോതില്‍ പണപ്പെരുപ്പം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.