പത്തനംത്തിട്ട: ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. തൊണ്ണൂറായിരം പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ക്യു ബുക്കിങ് എണ്‍പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോള്‍ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാന്‍ 16 മണിക്കൂര്‍ വരെ കാത്തുനിന്ന് തീര്‍ഥാടകര്‍ വലഞ്ഞു.
ഇതിനു പുറമേ പമ്പയില്‍ തടഞ്ഞു നിര്‍ത്തിയവര്‍, വഴികളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതു മൂലം കുടുങ്ങിയവര്‍ തുടങ്ങി എല്ലാവരും ഇന്നലെ പുലര്‍ച്ചെ ദര്‍ശനത്തിനെത്തി. കൂടാതെ ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് വര്‍ധിക്കാന്‍ കാരണം.
പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകിട്ട് അപ്പാച്ചിമേട് മുകള്‍ഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതല്‍ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാല്‍ അവിടെ ആരെയും ക്യു നിര്‍ത്തുന്നില്ല. പകരം പമ്പയിലാണ് തടയുന്നത്.