പത്തനംതിട്ട: മണ്ഡലകാലപൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും.
രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽത്തന്നെ മലയിറങ്ങും. കോവിഡ് വ്യാപന സാഹചര്യത്തിൽ കടുത്ത മുൻകരുതലുകളോടെയാണ് ഇത്തവണ നട തുടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചേ ഭക്തരെ മലക്കയറ്റൂ.