തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവര്‍ ജോലി ചെയ്തതെന്നും സര്‍ക്കാര്‍ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവര്‍ ജോലി ചെയ്തത്. ഇത്രയും നാള്‍ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കില്‍ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.
വിഷയത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവില്‍ ലിജിമോള്‍ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സജിമോളാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി.
എന്നാല്‍ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. അത് ശരിയായ നടപടിയല്ലാത്തതിനാല്‍ യഥാര്‍ത്ഥ ആള്‍ തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ലിജിമോള്‍ക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോള്‍ വരുന്നതിന് മുന്‍പ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി ഡയറക്ടര്‍ പരിശോധിച്ചതെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു.