റിയാദ്: തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം ഇറാനാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബുകള്‍ നിര്‍മിക്കുന്ന രാജ്യം ഇറാനാണെന്നും നിര്‍മിക്കുന്ന ബോംബുകള്‍ ഭീകരവാദികളുടെ കൈകളിലാണ് എത്തുന്നതെന്നും സൗദി വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
ഖുമൈനി വിപ്ലവം അരങ്ങേറിയതിന് ശേഷം 37 വര്‍ഷത്തിനിടെ ഇറാന്‍ ഭരണകൂടം 12 രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ അക്രമണം നടത്തിയതായി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
“ഇറാന്‍ ബോംബുകളുടെ നാടാണ്. ഇറാന്‍ നിര്‍മിക്കുന്ന ബോംബുകളില്‍ 90 ശതമാനവും ഭീകരരുടെ കൈകളിലാണ് എത്തുന്നത്. ഇറാന്‍ ബോംബുകള്‍ ഉപയോഗിച്ച് ഭീകരര്‍ നടത്തിയ അക്രമണങ്ങളില്‍ നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗള്‍ഫ് മേഖലക്ക് ഗുരുതരമായ ഭീഷണിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇറാന് ഒഴിഞ്ഞു മാറാനാവില്ല. നയതന്ത്ര ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിക്കുകയാണെന്നും” ആദില്‍ അല്‍ ജുബൈര്‍ ചൂണ്ടിക്കാട്ടി.