തിരുവനന്തപുരം: കെ കെ ശൈലജയുടെ ആത്മകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആണ് നിവേദനം നല്‍കിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് വിസിക്ക് നിര്‍ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം സര്‍വകലാശാലയുടേത് വിചിത്ര നടപടിയെന്ന് കെ.എസ്.യു വ്യക്തമാക്കി. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്.
അക്കാദമിക് കൗണ്സില്‍ കണ്‍വീനര്‍ അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യറാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥയാണ് ഉള്‍പ്പെടുത്തിയത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്.
ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.