കുട്ടികളെ വിടില്ലെന്ന് മാതാപിതാക്കൾ; ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂള്‍ പൊളിക്കും

ബാലസോർ : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്കു കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായി റിപ്പോർട്ട്. ബഹനഗ സർക്കാർ നോഡൽ ഹൈസ്കൂളിലേക്കു കുട്ടികളെ അയയ്ക്കാനാണു മാതാപിതാക്കൾ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്നാണു രക്ഷിതാക്കളുടെ ഭയം.

മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടത്തിന്റെ ഭാഗം ഇടിച്ചുകളഞ്ഞ് പുതിയത് പണിയണമെന്ന രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ബാവുസാഹബ് ഷിൻഡെ വ്യാഴാഴ്ച സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകൾ പകരാതെ ശാസ്ത്രീയ ചിന്ത കുട്ടികൾക്ക് നൽകണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.

ജൂൺ രണ്ടിനാണ് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപമുള്ള ബഹനഗ സ്കൂളിലേക്കാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്ററേ സ്കൂളിലേക്ക് ഉള്ളൂ. പിന്നീട് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നു. ജൂൺ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങൾ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിലേക്കു മാറ്റിയത്.

‘‘16 ക്ലാസ് മുറികളിൽ 7 എണ്ണത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു. സ്കൂളിനെ മോർച്ചറിയാക്കി മാറ്റുകയാണ് ചെയ്തത്. മറ്റു മുറികളിൽ പരുക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യവേനലവധിക്കുശേഷം 19നാണ് സ്കൂൾ തുറക്കേണ്ടത്. ഈ കെട്ടിടം തകർക്കാതെ കുട്ടികളെ അയയ്ക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ. 67 വർഷം പഴക്കമുള്ള കെട്ടിടമാണത്. എന്തായാലും പുതിയത് പണിയണം. ഞങ്ങൾക്ക് പ്രേതങ്ങളിൽ വിശ്വാസമില്ലെങ്കിലും നാട്ടുകാർക്കുണ്ട്. മന്ത്രവാദത്തിലുള്ള വിശ്വാസവും വ്യാപകമായി ഇവിടുള്ളവരിലുണ്ട്. സ്കൂളിനു സമീപം താമസിക്കുന്നവരിൽ ചിലർ അർധരാത്രി ഇവിടെനിന്നു ശബ്ദങ്ങൾ കേൾക്കുന്നതായി അവകാശപ്പെടുന്നുണ്ട്.’’ – സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപാത്ര ദേശീയമാധ്യമത്തോടു പറഞ്ഞു.

പുതിയ കെട്ടിടം വരുന്നതുവരെ സമീപത്ത് മറ്റൊരു സ്ഥലത്ത് ക്ലാസുകൾ നടത്തുന്ന കാര്യം പരിഗണിക്കുകയാണ് സ്കൂൾ അധികൃതർ.

Top