ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനം ഇംഫാലിലെ സെക്‌മെയില്‍ നിന്ന് ആരംഭിച്ചു

ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനം ഇംഫാലിലെ സെക്‌മെയില്‍ നിന്ന് ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ ബസിലാണ് രാഹുലിന്റെ യാത്ര. ഞായറാഴ്ച ഇംഫാലില്‍ വെച്ചായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫ്‌ലാഗ് ഓഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍വഹിച്ചത്.

ഭാരത് ജോഡോയുടെ ആദ്യഘട്ടത്തില്‍ കാല്‍നടയായി ആയിരുന്നു രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍നിന്ന് ഉത്തരേന്ത്യവരെ യാത്രനടത്തിയത്. എന്നാല്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ യാത്ര പ്രത്യേകം സജ്ജമാക്കിയ ബസിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് മണിപ്പൂരിലെ സേനാപതി, കാങ്‌പോക്പി തുടങ്ങിയിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ രാത്രിയോടെ നാഗാലാന്‍ഡിലെത്തും.ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തില്‍ 6,700 കിലോമീറ്ററുകള്‍ പിന്നിട്ട് 15 സംസ്ഥാനങ്ങളില്‍ രാഹുല്‍ പര്യടനം നടത്തും. നൂറോളം ലോക്‌സഭാ മണ്ഡലങ്ങളില്‍കൂടിയായിരിക്കും യാത്ര. 66 ദിവസത്തിന് ശേഷം മാര്‍ച്ച് മൂന്നാമത്തെ ആഴ്ചയോടെ മുംബൈയില്‍ അവസാനിക്കും.

ഹെഡ്രോളിക് ലിഫ്റ്റുകളടക്കം പ്രത്യേകം സൗകര്യങ്ങള്‍ സജ്ജമാക്കിയ ബസിലാണ് രാഹുലിന്റെ യാത്ര. മണിപ്പൂരിലെ ഇംഫാലില്‍ വന്‍വരവേല്‍പ്പായിരുന്നു രാഹുലിനെ കാത്തിരുന്നത്. മണിപ്പൂരിലെ ജനങ്ങളെ കേള്‍ക്കാനും വേദനകള്‍ പങ്കുവെക്കാനും വേണ്ടിയാണ് ഞങ്ങള്‍ എത്തിയിരിക്കുന്നതെന്നായിരുന്നു രാഹുല്‍ കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ പറഞ്ഞത്. ഇന്ത്യ മുന്നണിയിലും പുതു ഉണര്‍വ്വാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗത്തില്‍ ലഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തില്‍ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള വിവിധ നേതാക്കളും പങ്കെടുത്തു.

Top