രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു.

2021 ഡിസംബര്‍ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ വധിച്ചത്.

Top