രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ലോക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. സി.പി.എം സെക്രട്ടേറിയറ്റ് 18നും ചേരും. ഇതിനു ശേഷമാകും സത്യപ്രതിജ്ഞ ഉണ്ടാവുക. എ.കെ.ജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, പന്ന്യം രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

മന്ത്രിസഭയില്‍ സി.പി.ഐ അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് കാനം രാജേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചു. നാലു മന്ത്രിസ്ഥാനത്തിലും ഡപ്യൂട്ടി സ്പീക്കറിലും വിട്ടുവീഴ്ചയില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, ചീഫ് വിപ്പ് പദവി വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നല്‍കാനുള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.

 

 

Top