തിരുവനന്തപുരം: ഡിജിപി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്ക് പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാനുളള സെലക്ഷന്‍ കമ്മറ്റി ഇന്ന് ചേരും. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കമ്മറ്റിയില്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന പേരാവും മന്ത്രിസഭാ യോഗം പരിഗണിക്കുക.
ഡിജിപിയായി പരിഗണക്കപ്പെടേണ്ട വ്യക്തിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിനാവും കമ്മിറ്റി മുന്‍ഗണന നല്‍കുക.പ്രവര്‍ത്തന മികവ്, കഴിവ്, ഭരണ നിര്‍വ്വഹണം, സേനയിലെ പ്രവര്‍ത്തിപരിചയം എന്നീ മാനദണ്ഡങ്ങളാവും പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുന്നതിലെ അടിസ്ഥാന യോഗത്യകള്‍. നിലവിലത്തെ ഭരണക്രമത്തോടും നയങ്ങളോടും യോജിച്ച് പോകുക എന്നതും ക്രിമിനല്‍ കേസുകളില്‍ പ്രതിയാവാതിരിക്കുക എന്നതും പ്രധാനമാണ്.
നിലവില്‍ അരുണ്‍കുമാര്‍ സിന്‍ഹ, ജേക്കബ് തോമസ് ,ലോക്‌നാഥ് ബെഹറ, ഋഷിരാജ് സിങ്, എന്‍.സി അസ്താന, എ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എന്‍ ശങ്കര്‍ റെഡ്ഢി എന്നീ ഒന്‍പത് പേരാണ് സീനിയോറിറ്റി പട്ടികയിലുള്ളത്.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിന്‍ഹ സംസ്ഥാനത്തേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവായതിനാല്‍ ജേക്കബ് തോമസ് ,ലോക്‌നാഥ് ബെഹറ, ഋഷിരാജ് സിംങ്ങ്,എന്‍ സി അസ്താന എന്നിവരില്‍ നിന്നും ഒരാളുടെ പേരാവും സെലക്ഷന്‍ കമ്മിറ്റി പ്രധാനമായും പരിഗണിക്കുക.