മുംബൈ: മെറ്റല്‍, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. സെന്‍സെക്‌സ് 568.38 പോയന്റ് ഉയര്‍ന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തില്‍ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1283 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
നിഫ്റ്റി മെറ്റല്‍ സൂചിക(3.6%)ഉള്‍പ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
കല്യണ്‍ ജൂവലേഴ്‌സ് ഓഹരി 15ശതമാനം നഷ്ടത്തില്‍ 73.90ലാണ് വിപണിയില്‍ ലിസ്റ്റ്‌ചെയ്തത്. ദിനവ്യാപാരത്തിനിടെ 81 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില ഉയര്‍ന്നെങ്കിലും 74.40 രൂപയില്‍ ക്ലോസ്‌ചെയ്തു. 87 രൂപയായിരുന്നു ഇഷ്യു പ്രൈസ്.
സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരിയാകട്ടെ നാലു ശതമാനം നഷ്ടത്തില്‍ 292 രൂപയിലായിരുന്നു ലിസ്റ്റിങ്. 305 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ദിനവ്യാപാരത്തിനിടെ 271 രൂപ നിലവാരം വരെ താഴ്ന്ന ഓഹരി 272 രൂപയിലാണ് ക്ലോസ് ചെയ്തത്.