സെന്‍സെക്സ് 50,051ല്‍ ക്ലോസ് ‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ‌ചെയ്തു. താഴ്ന്ന നിലവാരത്തില്‍ നിന്ന് 600 പോയന്റിലേറെയാണ് സെന്‍സെക്‌സ് കുതിച്ചത്. ഒടുവില്‍ 280 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 50,051ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 14,815ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

2.6ശതമാനം ഉയര്‍ന്ന അള്‍ട്രടെക് സിമെന്റ് ഓഹരിയാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി പോര്‍ട്‌സ്, ഡിവീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവും നേട്ടമുണ്ടാക്കി.

ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഐടിസി, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖ ബാങ്ക് മൂന്നു ശതമാനം ഉയര്‍ന്നു. മറ്റ് രണ്ട് ബാങ്ക് സൂചികകളും 1.7ശതമാനം നേട്ടമുണ്ടാക്കി.

മൊറട്ടോറിയം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് ബാങ്കുകള്‍ നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. എഫ്എംസിജി, മെറ്റല്‍ സൂചികകളാണ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തത്.

 

Top