മുംബൈ: ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍, എനര്‍ജി ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. 660.68 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 48,544.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 194 പോയന്റ് ഉയര്‍ന്ന് 14,504.80ലുമെത്തി. ബിഎസ്ഇയിലെ 1900 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 915 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികള്‍ക്ക് മാറ്റമില്ല.
കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവില്‍ നിന്ന് ആത്മവിശ്വാസം തിരിച്ചുപിടിച്ച വിപണി ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിലാണ് മികച്ച നേട്ടമുണ്ടാക്കിയത്. മൂന്നാമതൊരു വാക്‌സിനു കൂടി അംഗീകാരം നല്‍കിയതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഐടി ഓഹരികളില്‍ മാത്രമാണ് വില്പന സമ്മര്‍ദം തുടര്‍ന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
ഓട്ടോ, പൊതുമേഖല ബാങ്ക്, മെറ്റല്‍, എനര്‍ജി സൂചികകള്‍ 2-4ശതമാനം നേട്ടമുണ്ടാക്കി. ഐടി സൂചിക മൂന്നു ശതമാനംനഷ്ടത്തിലുമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കുകയും ചെയ്തു. അംബേദ്കര്‍ ജയന്തി പ്രമാണിച്ച് നാളെ ബുധനാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തിക്കില്ല.