മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കുതിക്കുകയും ചെയ്തു.
മൂല്യനിര്‍ണയ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വന്‍കിട ഓഹരികളില്‍നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറിയതാണ് പ്രധാന സൂചികകളെ ബാധിച്ചത്. അതേസമയം, മിഡ്, സ്‌മോള്‍ ക്യാപുകളില്‍ നിക്ഷേപതാല്‍പര്യം വര്‍ധിക്കുകയും ചെയ്തു.
സമ്പദ്ഘടനയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിനടയില്‍ ചെറുകിട മധ്യനിര ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായത്. സെന്‍സെക്‌സ് 77.94 പോയന്റ് താഴ്ന്ന് 58,927.33ലും നിഫ്റ്റി 15.30 പോയന്റ് നഷ്ടത്തില്‍ 17,546.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി, നെസ് ലെ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബാങ്ക്, എഫ്എംസിജി സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ 14ശതമാനത്തോളം ഉയര്‍ന്നു. റിയാല്‍റ്റി സൂചിക എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം വീതം ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.