സെന്‍സെക്സിന് 1,158 പോയന്റ് നഷ്ടമായി

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകള്‍ കനത്ത നഷ്ടം നേരിട്ടു. ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് സൂചികകളെ പ്രധാനമായും ബാധിച്ചത്.

ഒക്ടോബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസം കൂടിയായതിനാല്‍ നഷ്ടം കനത്തതായി. സെന്‍സെക്‌സ് 1158.63 പോയന്റ് താഴ്ന്ന് 59,984.70ലും നിഫ്റ്റി 353.70 പോയന്റ് നഷ്ടത്തില്‍ 17,857.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അദാനി പോര്‍ട്‌സ്, ഐടിസി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

പൊതുമേഖല ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ഫാര്‍മ സൂചികകള്‍ 2-5ശതമാനംവരെ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് ഒരുശതമാനം വീതം നഷ്ടമായി.

ഏഷ്യന്‍ വിപണികളിലെ ദുര്‍ബലാവസ്ഥയും വിപണിയിലെ തകര്‍ച്ചക്ക് കാരണമായി. പുറത്തുവരാനിരിക്കുന്ന യുഎസിലെ ജിഡിപി കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആഗോള നിക്ഷേപകര്‍. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്.

 

Top