മുംബൈ: കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടത്തിനു ശേഷം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ ബുധനാഴ്ച വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,800ന് താഴെയെത്തി. സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ 49,799ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 14,762ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 555 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 520 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 73 ഓഹരികള്‍ക്ക് മാറ്റമില്ല.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, നെസ് ലെ, ടിസിഎസ്, മാരുതി, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്‌സ്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ഫാര്‍മ, ഐടി സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.