പുഷ്പ 2-ന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു; അല്ലു അര്‍ജുന് ആരോഗ്യപ്രശ്‌നം

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനാവുന്ന ‘പുഷ്പ 2.’ ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പുഷ്പ ആദ്യഭാഗത്തിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതോടെ രണ്ടാംഭാഗത്തിനുള്ള പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്. ചിത്രീകരണം പുരോമിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് ആരാധകരെ അല്പമൊന്ന് നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

അല്ലു അര്‍ജുന്‍ വിശ്രമത്തിലായതിനാലാണ് പുഷ്പ 2-ന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നത്. പുറംവേദന വകവെയ്ക്കാതെ അഭിനയിക്കാന്‍ താരം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സംവിധായകന്‍ സുകുമാര്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുന്ന മുറയ്ക്ക് ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പുഷ്പ 2-ന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്നതാണാ വാര്‍ത്ത. സംവിധായകന്‍ സുകുമാറും സംഘവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്ന ജാതര ഗെറ്റപ്പിലുള്ള അല്ലു അര്‍ജുന്റെ രംഗങ്ങളാണ് രാമോജിയില്‍ ചിത്രീകരിച്ചിരുന്നത്. ഈ വേഷത്തില്‍ താരത്തിന് ഒരു പാട്ടും സംഘട്ടനരംഗവുമാണ് ചിത്രത്തിലുള്ളത്. ഈ കോസ്റ്റ്യൂമില്‍ തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ അല്ലു അര്‍ജുന് പുറംവേദന കലശലായെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Top