വെടിവയ്പ്പ് നടന്നത് ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ച്; കാട്ടില്‍ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകള്‍

കല്‍പ്പറ്റ: ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്‌ഐആര്‍. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തു. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി പറഞ്ഞു. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടല്‍ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകള്‍ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തില്‍ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടര്‍ബോള്‍ട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് പിന്‍വലിഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇരിട്ടി എ എസ് പി ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇരിട്ടി മേഖലയിലെ ആശുപത്രികളിലും പോലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ തണ്ടര്‍ബോള്‍ട് സേനയെ വനത്തില്‍ വിന്യസിച്ചിട്ടുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ആയാംകുടിയില്‍ ഉണ്ടായിരുന്നതെന്ന് കരുതുന്നു. നാല് ദിവസം മുന്‍പ് അയ്യന്‍കുന്ന് വാളത്തോട് മാവോയിസ്റ്റുകളെത്തി ഭക്ഷണ സാധനങ്ങളുമായി പോയിരുന്നു. ആറളത്ത് വനം വച്ചര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്തിനും കേളകം പഞ്ചായത്ത് അംഗത്തെ മര്‍ദിച്ചതിനും ശേഷം മാവോയിസ്റ്റുകള്‍ക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്.

Top