ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഏഴാം നമ്പര്‍ ഷട്ടറാണ് തകര്‍ന്നു. ഷട്ടര്‍ തകര്‍ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഷട്ടര്‍ തകര്‍ന്നു വീണതോടെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം ലീഡിങ് ചാനലിലേക്കും ടി.എസ്. കനാലിലേക്കും കയറാന്‍ സാധ്യതയുണ്ട്.
ഇന്ന് വെളുപ്പിനാണ് സ്പില്‍വേയുടെ ഷട്ടര്‍ തകര്‍ന്നുവീണത്. ഷട്ടര്‍ പൂര്‍ണമായും വെള്ളത്തിലേക്ക് വീണു. വേലിയേറ്റ സമയത്ത് കടലില്‍ നിന്ന് വെള്ളം തിരിച്ച് തോട്ടപ്പള്ളി ലീഡിങ് ചാനലിലേക്കും അതുപോലെ തന്നെ അതുവഴി പൂക്കൈതയാറിലേക്കും ടി.എസ്. കനാലിലേക്കും മറ്റും എത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ രണ്ടാം കൃഷിയെ അത് ബാധിക്കും.
സ്പില്‍വേ ഷട്ടറുകളുടെ നവീകരണത്തിനായി രണ്ടരക്കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ വൈകി. ആദ്യം ടെന്‍ഡര്‍ എടുക്കാന്‍ ആളുകള്‍ എത്തിയില്ല. വീണ്ടും ടെന്‍ഡര്‍ നടത്താന്‍ പോകുന്നതിനിടെയാണ് ഇപ്പോള്‍ സ്പില്‍വേയുടെ ഷട്ടര്‍ തകര്‍ന്നുവീണിരിക്കുന്നത്.