സില്‍വര്‍ ലൈന്‍; ഇ.ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയില്‍ സി.പി.എം നിലപാട് അറിയിക്കണമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ ഇ.ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശത്തില്‍ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സില്‍വര്‍ലൈനില്‍ ഇ. ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശത്തെ പിന്തുണച്ച കെ.സുരേന്ദ്രന്റെ നടപടിക്കെതിരെ ബിജെപിയില്‍ ഭിന്നത. ചര്‍ച്ച കൂടാതെ അതിവേഗം നിലപാടെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്.

ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചതിന് പിന്നാലെ അതിവേഗം പൊന്നാനിയിലെത്തി ഇ ശ്രീധരനെ കണ്ട് എതിര്‍പ്പെല്ലാം ഉപേക്ഷിച്ച സുരേന്ദ്രന്റെ നടപടി വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ബദലില്‍ ഏറ്റെടുക്കുന്ന ഭൂമി കുറവാണ്. എന്നാല്‍ സില്‍വര്‍ലൈനെ എതിര്‍ക്കാന്‍ പാര്‍ട്ടി നേരത്തെ ഉന്നയിച്ച പാരിസ്ഥിതികപ്രശ്‌നവും സാമ്പത്തിക ബാാധ്യതയും അതേ പടി തുടരുന്നു. ഈ സാഹചര്യത്തില്‍ കണ്ണടച്ചുള്ള പിന്തുണക്കെതിരെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പ്. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന ഘടകംമാത്രമല്ല, ദേശീയനേതൃത്വവും സില്‍വര്‍ലൈനിനെ എതിര്‍ത്തതാണ്. നയം മാറ്റണമെങ്കില്‍ പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ചവേണം. അത്തരം ചര്‍ച്ചയൊന്നുമില്ലാതെയായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പിന്തുണ പ്രഖ്യാപിക്കല്‍. ശ്രീധരന്‍ ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണം അവസാനിപ്പിക്കാനായിരുന്നു സന്ദര്‍ശനമെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ വിശദീകരിക്കുന്നുണ്ട്.

Top