സില്‍വര്‍ലൈന്‍ പദ്ധതി; അടിയന്തര പ്രധാന്യത്തോടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നിലച്ചുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ കത്തിടപാടുകള്‍ സജീവം. കെ-റെയിലുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന് റെയില്‍വേ ഗതിശക്തി ഡയറക്ടര്‍ ദക്ഷിണ റെയില്‍വേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

കേന്ദ്രം പദ്ധതി നിലച്ചുവെന്ന പ്രതീതി സൃഷ്ടിക്കുമ്പോഴും സര്‍ക്കാര്‍ പൂര്‍ണമായും പ്രതീക്ഷ കൈവിടുന്നില്ല. രണ്ടാഴ്ച മുന്‍പ് റെയില്‍വേ ബോര്‍ഡ് നല്‍കിയ കത്തിന് ദക്ഷിണ റെയില്‍വേ മറുപടി നല്‍കിയതായി സൂചനയില്ല. പദ്ധതി നിലച്ചുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുമ്പോഴാണ് വസ്തുത അതല്ലെന്ന് സൂചിപ്പിക്കുന്ന മന്ത്രിക്ക് കീഴിലുള്ള മന്ത്രാലയത്തിന്റെ കത്തിടപാട്. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണോ എന്ന് സംശയിക്കുന്നുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.ദക്ഷിണ റെയില്‍വേ അടിയന്തര പ്രധാന്യത്തോടെ അഭിപ്രായങ്ങള്‍ അറിയിക്കാനാണ് ജനുവരി 16ന് അയച്ച കത്തിലെ നിര്‍ദേശം. സില്‍വര്‍ലൈനിന് ഭൂമി വിട്ടു നല്‍കിയാല്‍ ഭാവി വികസന പദ്ധതികളെ ബാധിക്കുമോ എന്നാണ് റെയില്‍വേയുടെ ആശങ്ക. എന്നാല്‍ ഇത്തരം പദ്ധതികളെ ബാധിക്കാതെയാണ് ഡിപിആറില്‍ സില്‍വര്‍ ലൈന്‍ അലെന്‍മെന്റ് തീരുമാനിച്ചതെന്നായിരുന്നു കെ-റെയില്‍ മറുപടി നല്‍കിയത്.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ കെ-റെയില്‍ അധികൃതരുമായി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. പാലക്കാട് ഡിവിഷന്‍ നവംബര്‍ 29നും തിരുവനന്തപുരം ഡിവിഷന്‍ ഡിസംബര്‍ ഏഴിനുമാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ റെയില്‍വേ ബോര്‍ഡിന് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗതിശക്തി ഡയറക്ടര്‍ എഫ് എ അഹമ്മദ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയത്.

Top