മസാല ബോണ്ട് കേസ്; സമന്‍സ് അയയ്ക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി: മസാല ബോണ്ട് കേസില്‍ ഡോ. ടി എം തോമസ് ഐസക്കിന് ആശ്വാസം. സമന്‍സ് അയയ്ക്കാന്‍ ഇ.ഡിയ്ക്ക് അനുമതി നല്‍കിയ സിംഗില്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഒരേ ഹര്‍ജിയില്‍ സിംഗില്‍ ബെഞ്ചിട്ട ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് വീണ്ടും ഉത്തരവിടാന്‍ മറ്റൊരു സിംഗില്‍ ബെഞ്ചിന് സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവില്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന സിംഗില്‍ ബെഞ്ച് ജഡ്ജിനോട് കേസില്‍ വിശദമായ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും ബെഞ്ച് നിര്‍ദേശം നല്‍കി. ഇതില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ തോമസ് ഐസക്കിന് ഇ ഡിയ്ക്ക് സമന്‍സ് അയയ്ക്കാന്‍ സാധിക്കില്ല.

അന്വേഷണത്തിന്റെ പേരില്‍ ഇ.ഡി തുടര്‍ച്ചയായി സമന്‍സ് നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് തോമസ് ഐസക്കിന് പുറമെ കിഫ്ബി സിഇഒ കെ.എം എബ്രഹാം, ജോയിന്റ ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കോടതി നേരത്തെ ഇ.ഡി യോട് പറഞ്ഞിരുന്നു. പുതിയ സമന്‍സ് അയയ്ക്കാന്‍ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗില്‍ ബെഞ്ച് സമന്‍സ് അയയ്ക്കാന്‍ ഇ ഡിയ്ക്ക് അനുമതി നല്‍കിയിരുന്നത്.

മസാലബോണ്ടുകള്‍ ഇറക്കിയതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുന്‍ ധനമന്ത്രിക്ക് സമന്‍സ് നല്‍കിയത്. ഇതിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്നായിരുന്നു ഇ ഡിയുടെ ആരോപണം.

Top