ഇന്നത്തെ തോതില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ചാല്‍ സാഹചര്യം ഗുരുതരമാകും

ഇന്നുണ്ടായ തോതില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമായിരിക്കും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നാം മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. മാത്രമല്ല, കൂടുതല്‍ കര്‍ക്കശമായ നടപടികളാണ് ഈ പ്രദേശങ്ങളിലുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19ന് മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ നമ്മുടെ പ്രയാസം തുടരുകയാണ്. പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതില്‍ പ്രധാനമാണ്. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടത് നാടിന്റെതന്നെ ചുമതലയായി കാണണം.

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാതെ വീട്ടിനകത്ത് സജ്ജമാക്കിയിട്ടുള്ള മുറിയില്‍ തന്നെ കഴിയണം. മറ്റാരുമായും ബന്ധപ്പെടരുത്. സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല സമിതികളുടെയും നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. വാര്‍ഡ് തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡന്റ്സ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാന്‍ രംഗത്തുണ്ടാകണം.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വൊളന്റിയര്‍മാര്‍ വാര്‍ഡ്തല സമിതിക്കുണ്ടാകണം. പൊലീസും ഇക്കാര്യത്തില്‍ പങ്കുവഹിക്കണം. പൊലീസ് സേനാംഗങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. സമൂഹത്തിന്റെ രക്ഷയ്ക്ക് അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top