അട്ടപ്പാടി മധു കേസിൽ പതിനാറാം സാക്ഷിയും മൊഴി മാറ്റി

അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. മൊഴി മാറ്റി പറഞ്ഞവരെല്ലാം സാക്ഷികളായി പ്രോസിക്യൂഷൻ ഹാജരാക്കിയവരാണ്. ഇവരെല്ലാം മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകിയവരാണ്.

പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്‍റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു.

Top