ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ 27 തവണ ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് അവസാനം പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേസില്‍ ഇഡിക്ക് നല്‍കിയ പരാതിയില്‍ ക്രൈം നന്ദകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകള്‍ കൈമാറിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ രണ്ട് ജഡ്ജിമാര്‍ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികള്‍ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാര്‍ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുമുണ്ട്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും ഹൈക്കോടതി വിധി വിവേചനപരമാണെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.