തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.
കേരളം കൊള്ളയടിച്ച് പിവി ആന്‍ഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്നും പുറത്തേക്ക് വന്നത്. തന്റെ കൈകള്‍ ശുദ്ധം ആണെന്നും മകള്‍ക്കെതിരെയാ കണ്ടെത്തലുകള്‍ ആരോപണങ്ങള്‍ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി കൂടി അന്വേഷണ പരിധിയിലുള്ള സാഹചര്യത്തിലാണ് ഇന്ന് രാവിലെ സഭയില്‍ വലിയരീതിയിലുള്ള പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നത്.