ഡല്‍ഹി: എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വിശദീകരണം തേടാമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു. പ്രതിഷേധ മാര്‍ച്ചിനിടെ എംപിമാരെ മര്‍ദ്ദിച്ച സംഭവം കെ സി വേണുഗോപാല്‍ ആണ് രാജ്യസഭയില്‍ ഉന്നയിച്ചത്. സമാധാനപരമായി മാര്‍ച്ച് ചെയ്ത എംപിമാരെയാണ് പൊലീസ് ആക്രമിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണം തേടുമെന്ന് രാജ്യസഭാധ്യക്ഷന്‍ വ്യക്തമാക്കിയത്.
കയ്യേറ്റം ചെയ്ത സംഭവം എംപിമാര്‍ ലോക്സഭയിലും ഉന്നയിച്ചു. വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. എംപിമാരെ മര്‍ദ്ദിക്കാന്‍ പൊലീസിന് എന്ത് അധികാരം എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. വിശദാംശങ്ങള്‍ എഴുതി നല്‍കാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല നിര്‍ദേശിച്ചു. യുഡിഎഫ് എംപിമാരോട് ചേംബറില്‍ വന്നു കാണാനും സ്പീക്കര്‍ അറിയിച്ചു.